തീവണ്ടി തടഞ്ഞവരെ കുടുക്കാൻ റെയിൽവേ

6 years ago

ദ്വിദിന പൊതുപണിമുടക്കിന്റെ ഭാഗമായി തീവണ്ടി തടഞ്ഞവർ വൻതുക നഷ്ടപരിഹാരം നൽകേണ്ടിവരും.

തീവണ്ടി തടഞ്ഞത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ഡിവിഷൻ നേതൃത്വം റെയിൽവേ മന്ത്രാലയത്തിന് സമർപ്പിക്കും. ടിക്കറ്റ് ഇനത്തിലുള്ള നഷ്ടത്തിന് പുറമേ തീവണ്ടി തടഞ്ഞതുകാരണം വിവിധ വിഭാഗങ്ങളിലായുണ്ടായ നഷ്ടവും കണക്കിലെടുക്കും. മുമ്പ് നടന്ന ചില സമരങ്ങളിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് റെയിൽവേ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
തിരുവനന്തപുരം ഡിവിഷനിൽ 32 കേസാണ് എടുത്തത്. സംയുക്തസമരസമിതി കൺവീനർ വി. ശിവൻകുട്ടി, സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ എന്നിവരടക്കം ആയിരത്തിലധികംപേർ പ്രതികളാണ്.
ശിക്ഷിക്കപ്പെട്ടാൽ പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കുണ്ടാകും.
നിലവിലെ കേസുകൾ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് നൽകിയിട്ടുള്ളത്. ആർ.പി.എഫ്. എടുത്ത കേസുകളിലെ അന്വേഷണം പുരോഗമിക്കുകയാണ്. വീഡിയോ, നിശ്ചലദൃശ്യങ്ങളുടെ പരിശോധനയും തുടരുന്നു. അറസ്റ്റിലായവരുടെ മേൽവിലാസം ശേഖരിച്ചിട്ടുണ്ട്.
നേതാക്കൾ പ്രസംഗിച്ച് തീരുന്നതുവരെ പലയിടത്തും തീവണ്ടികൾ തടഞ്ഞിട്ടിരുന്നു. പ്രതിഷേധം അവസാനിപ്പിച്ച് അറസ്റ്റിന് തയ്യാറായത് സമരാനുകൂലികളുടെ നേതാക്കൾ തീരുമാനിച്ചപ്പോൾ മാത്രമാണ്.
കർശന നിയമനടപടി തുടരാനുള്ള നിർദേശം ഉന്നത റെയിൽവേ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്.

Loading comments...