സംവിധായകൻ പ്രിയനന്ദനനെ ചാണകവെള്ളം തളിച്ചു മർദിച്ചു

5 years ago
1

സംവിധായകൻ പ്രിയനന്ദനന് നേരെ ആക്രമണം. ബിജെപി പ്രവർത്തകരാണ് മർദ്ദിച്ചതെന്നാണ് പ്രിയനന്ദനന്‍ പറഞ്ഞു

ശബരിമല വിഷയത്തിൽ ഫേസ്ബുക്കിലിട്ട വിവാദപോസ്റ്റിന്‍റെ പേരിൽ സംവിധായകൻ പ്രിയനന്ദനന് നേരെ ആക്രമണം. തൃശ്ശൂ‍ർ വല്ലച്ചിറയിലെ വീടിന് മുന്നിൽ വച്ചാണ് ആക്രമണമുണ്ടായത്. ആർഎസ്എസ് പ്രവർത്തകർ ആക്രമിച്ചെന്നും മർദ്ദിച്ചെന്നും വീടിന് മുന്നിൽ ചാണകവെള്ളം ഒഴിച്ചെന്നും പ്രിയനന്ദനൻ വ്യക്തമാക്കി.
ശബരിമല വിഷയത്തിൽ പ്രിയനന്ദനൻ ഫേസ്ബുക്കിലിട്ട പോസ്റ്റ് വിവാദമായിരുന്നു. മോശം ഭാഷ ഉപയോഗിച്ചെന്ന ആരോപണങ്ങളും ശക്തമായിരുന്നു. തുടർന്ന് താനുപയോഗിച്ച ഭാഷ കടുത്തുപോയെന്നും പോസ്റ്റ് പിൻവലിക്കുകയാണെന്നും പ്രിയനന്ദനൻ വ്യക്തമാക്കിയിരുന്നു. എന്നാൽ അധിക്ഷേപങ്ങളും ആക്രമണഭീഷണികളും തുടർന്നു. പ്രിയനന്ദനന്‍റെ വീട്ടിലേക്ക് ബിജെപി പ്രവർത്തകർ മാർച്ച് ചെയ്യുകയും ചെയ്തിരുന്നു.
ഇതേത്തുടർന്ന് ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് പ്രിയനന്ദനന്‍റെ വീടിന് മുന്നിൽ ആർഎസ്എസ് പ്രവർത്തകർ എത്തിയത്.
വീടിന് മുന്നിൽ പ്രതിഷേധിച്ച ഇവർ പ്രിയനന്ദനനെ ആക്രമിച്ചു. മർദ്ദിക്കുകയും വീടിന് മുന്നിൽ ചാണകവെള്ളം തളിക്കുകയും അസഭ്യം വിളിച്ചുപറയുകയും ചെയ്തെന്നും പ്രിയനന്ദനൻ വ്യക്തമാക്കി. 'അയ്യപ്പനെതിരെ നീ സംസാരിക്കുമോ?' എന്ന് ചോദിച്ചാണ് തല്ലിയതെന്ന് പ്രിയനന്ദനൻ പറയുന്നു. സ്ഥലത്ത് തന്നെയുള്ള ആർഎസ്എസ് പ്രവർത്തകരാണ് തന്നെ ആക്രമിച്ചതെന്നും പ്രിയനന്ദനൻ പറഞ്ഞു.
ഇപ്പോൾ ആശുപത്രിയിൽ ചികിത്സ തേടിയ പ്രിയനന്ദനൻ ഉടൻ തന്നെ പൊലീസിന് പരാതി നൽകുമെന്നും വ്യക്തമാക്കി.
എന്നാൽ ഈ ആക്രമണത്തിൽ ബിജെപിക്ക് പങ്കില്ലെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ വ്യക്തമാക്കി.

Loading comments...