ഇനി റേഷൻ വിട്ടുനൽകാം

5 years ago
33

civilsupplieskerala.gov.in എന്ന വെബ്സൈറ്റ് വഴി ഗിവ് അപ് റേഷൻ ചെയ്യാവുന്നതാണ്

റേഷൻ ആവശ്യമില്ലെങ്കിൽ വിട്ടുനൽകാം എന്ന ‘ഗിവ് അപ് റേഷൻ’ പദ്ധതി ജനകീയമാക്കാനൊരുങ്ങി സർക്കാർ.
റേഷൻവിഹിതം ആറുമാസത്തേക്ക് സമൂഹത്തിലെ ദുർബലവിഭാഗങ്ങൾക്ക് വിട്ടുനൽകാൻ ഇതിലൂടെ സാധിക്കും.ഇതിനായി കാർഡുടമകളുടെ മൊബൈലിലേക്ക് പദ്ധതിയുടെ വിശദാംശങ്ങളുൾക്കൊള്ളുന്ന മെസേജുകൾ സിവിൽസപ്ലൈസ് വകുപ്പ് അയക്കും. വെറും നാലുക്ലിക്കിലൂടെ റേഷൻ വിട്ടുനൽകാൻ സാധിക്കും.രണ്ടുമാസംമുമ്പ് തുടങ്ങിയ പദ്ധതിയിൽ ഇതുവരെ 255 പേർ അംഗങ്ങളായി. കൂടുതൽപ്പേർ അംഗങ്ങളായാൽ 15 ലക്ഷം കാർഡുടമകൾക്ക് ഗുണംലഭിക്കും. നാട്ടിൽ റേഷൻകാർഡുള്ള വിദേശങ്ങളിൽ താമസിക്കുന്നവർക്കും പദ്ധതിയിലൂടെ വിഹിതം നൽകാം.
റേഷൻ വാങ്ങാൻ താത്പര്യമില്ലാത്തവർക്കും ആറുമാസത്തേക്ക് റേഷൻ വിട്ടുനൽകാം.
ആറുമാസത്തിനുശേഷം റേഷൻ പുനഃസ്ഥാപിച്ചുകിട്ടും. ഗിവ് അപ്പിലൂടെ കിട്ടുന്ന റേഷൻ, കുറഞ്ഞ അളവിൽ റേഷൻ അനുവദിച്ച കാർഡുടമകളുടെ വിഹിതം ഉയർത്താൻ സഹായിക്കും. മുൻഗണനേതര സബ്‌സിഡി വിഭാഗങ്ങളുടെ റേഷൻ ക്വാട്ടയിലാണ് ഇതുൾപ്പെടുത്തുക.എ.എ.വൈ., മുൻഗണന, പൊതുവിഭാഗം (സബ്സിഡി) എന്നീ കാർഡുടമകൾ ഈ പദ്ധതിയിൽ പങ്കാളികളായാൽ അവർ പൊതുവിഭാഗത്തിലേക്ക് (നോൺ സബ്സിഡി) വിഭാഗത്തിലേക്ക് മാറ്റപ്പെടും. അതിനാൽ പൊതുവിഭാഗത്തിലുള്ളവർതന്നെയാണ് പദ്ധതിയിൽ പങ്കാളികളാകാൻ മുന്നോട്ടുവരുന്നത്.തുടങ്ങിയ സമയത്ത് കൂടുതൽപേർ മുന്നോട്ടുവന്നെങ്കിലും ചില സാങ്കേതികത്തകരാറുകൾ കാരണം ഇവർക്ക് അംഗമാകാൻ സാധിച്ചില്ല. ഇപ്പോൾ പ്രശ്നങ്ങളെല്ലാം പരിഹരിച്ചെന്നും കൂടുതൽപേർ മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ പറഞ്ഞു.
civilsupplieskerala.gov.in എന്ന വെബ്സൈറ്റ് വഴി ഗിവ് അപ് റേഷൻ ചെയ്യാവുന്നതാണ്.

Loading comments...