മകരവിളക്ക് ദർശനം കാത്ത് അയ്യപ്പന്മാർ

6 years ago
3

അയ്യായിരത്തോളം പോലീസുകാരെയും കേന്ദ്ര സേനയെയുമാണ് ശബരിമലയില്‍ വിന്യസിച്ചിരിക്കുന്നത്

പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, ശബരീശ സന്നിധി സ്വാമിമാരെ കൊണ്ട് നിറഞ്ഞു.
മകരവിളക്ക് കാണാനാകുന്ന സ്ഥലങ്ങളിലെല്ലാം ഭക്തന്മാര്‍ തമ്പിടിച്ചു. മരങ്ങളുടെ തടസ്സങ്ങളൊന്നുമില്ലാതെ മകരജ്യോതി കാണാന്‍ കഴിയുന്ന പാണ്ടിത്താവളത്ത് നിറയെ പര്‍ണ്ണശാലകളാണ്. ഭജന, കര്‍പ്പൂരാഴി, ഇരുമുടിയ്ക്ക് ലക്ഷാര്‍ച്ചന, കൊട്ടും പാട്ടുമായുള്ള പ്രദക്ഷിണം.... അയ്യനില്‍ അലിഞ്ഞ് കാത്തിരിക്കുകയാണ് സ്വാമിമാര്‍.അയ്യായിരത്തോളം പോലീസുകാരെയും കേന്ദ്ര സേനയെയുമാണ് ശബരിമലയില്‍ വിന്യസിച്ചിരിക്കുന്നത്. ഒരു ഐജിയുടേയും രണ്ട് എസ്.പിയുടെയും നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. വിവിധ കേന്ദ്ര സേനകളും സന്നിധാനത്ത് എത്തിയിട്ടുണ്ട്. നേരത്തെ പ്രതിഷേധങ്ങളും സമരങ്ങളും നിറഞ്ഞുനിന്ന സന്നിധാനത്ത് ഇപ്പോള്‍ പൂര്‍ണമായും ഭക്തി സാന്ദ്രമായ അന്തരീക്ഷമാണ്.
മകരസംക്രമസമയമായ ഇന്ന് രാത്രി 7.52-ന് സംക്രമപൂജയും അഭിഷേകവും നടക്കും.
സംക്രമാഭിഷേകത്തിനുള്ള നെയ്യ് കവടിയാര്‍ കൊട്ടാരത്തില്‍നിന്ന് ഞായറാഴ്ച വൈകീട്ട് സന്നിധാനത്ത് എത്തിച്ചു.പന്തളത്തുനിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്രയെ തിങ്കളാഴ്ച വൈകീട്ട് പതിനെട്ടാംപടിക്ക് മുകളില്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാറിന്റെയും നേതൃത്വത്തില്‍ സ്വീകരിക്കും. തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി വാസുദേവന്‍നമ്പൂതിരിയും ചേര്‍ന്ന് തിരുവാഭരണപേടകം ഏറ്റുവാങ്ങും. കഴിഞ്ഞ ദിവസങ്ങളില്‍ ശബരി മലയില്‍ ഭക്തജനത്തിരക്ക് കുറവായിരുന്നു. എന്നാല്‍ ഞായറാഴ്ച മുതന്‍ തിരക്ക് കൂടി വന്നു.
സന്നിധാനത്ത് എത്തിയ സ്വാമിമാര്‍ ഭൂരിപക്ഷം പേരും മലയിറങ്ങാതെ ജ്യോതി ദര്‍ശനത്തിനായി കാത്തിരിക്കുകയാണ്.

Loading comments...