2018 എന്ന പെൺ വർഷം

5 years ago
5

2018- സ്ത്രീപോരാട്ടത്തിന്റെ നാളുകൾ

മൂന്നൂറ്റിയറുപത്തിയേഞ്ചകാല്‍ പെണ്‍ദിനങ്ങളിലൂടെയാണ് 2018 കടന്ന് പോയത്.

നീ തനിച്ചല്ല നിനക്ക് ചുറ്റും നിന്നെപ്പോലെ ഒരായിരം പേര്‍ ഇനിയുമുണ്ട് എന്ന് പെണ്ണ് ഉറക്കെ വിളിച്ചു പറഞ്ഞ വര്‍ഷം. കോടതിയും നിയമവും മറ്റെന്തിനെനേക്കാള്‍ പെണ്ണിനൊപ്പം നിന്ന വര്‍ഷം. ഒന്നല്ല എടുത്തു പറയാന്‍ അഭിമാനിക്കാന്‍ അവള്‍ ദുര്‍ബലയല്ലെന്ന് ഉറപ്പിച്ചു പറയുന്ന നിരവധി പെണ്‍മുന്നേറ്റങ്ങളുണ്ടായിട്ടുണ്ട് 2018 ല്‍. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു പന്ത്രണ്ടുവയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷയെന്ന നിയമഭേദഗതി. എപ്രിലില്‍ കൊണ്ടു വന്ന ഓർഡിനന്‍സ് ഓഗസ്റ്റില്‍ പാസാക്കുകയായിരുന്നു. കൂടാതെ 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്താല്‍ പരമാവധി ശിക്ഷ 20 വര്‍ഷമായി ഉയര്‍ത്തി.
പോലീസിന്റെ പിഴവുകൊണ്ട് മരിച്ച മകനുവേണ്ടി നീതി തേടി ഒരു പെറ്റമ്മ നടത്തിയ പോരാട്ടം വിജയം കണ്ടതും ഇതേ വര്‍ഷമാണ്.
ഒരു സ്വകാര്യ സ്‌കൂളിലെ ആയ ആയിരുന്ന പ്രഭാവതിയമ്മയാണ് മകന്‍ ഉദയകുമാറിനെ പോലീസുകാര്‍ ഉരുട്ടി കൊലപ്പെടുത്തിയതിനെതിരേ നിയമപോരാട്ടം നടത്തിയത്. ഉദയകുമാറിനെ ഉരുട്ടികൊന്ന ആറുപോലീസുകാരും കുറ്റക്കാരാണെന്നു കോടതി വിധിച്ചത് നിറകണ്ണുകളോടെ ഈ അമ്മ കേട്ടപ്പോള്‍ അത് പെറ്റവയറിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ കൂടി വിജയമായി.
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിട്ടിരുന്ന പീഡനം എല്ല കാലങ്ങളിലും ചര്‍ച്ചയായിരുന്നു. പ്രത്യേകിച്ച് വസ്ത്രവ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍. തുഛമായ വേതനത്തിനു എട്ടും പത്തും മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ജോലി സമയത്ത് ഒന്ന് ഇരിക്കാന്‍ പോലുമുള്ള അവകാശം ഇവര്‍ക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍ ഇതിനെതിരെ കോഴിക്കോട് മിഠായിത്തെരുവില്‍ നിന്ന് തുടക്കം കുറിച്ച സമരം കേരളം മുഴുവന്‍ ഏറ്റെടുത്തു. അതിന് നേതൃത്വം നല്‍കിയത് പെണ്‍കൂട്ട് എന്ന സംഘടനയുടെ അമരക്കാരി വിജി പെണ്‍കൂട്ടായിരുന്നു. വിജിയുടെ നേതൃത്വത്തിലുള്ള സമരം വിജയം കാണുക തന്നെ ചെയ്തു. സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ ഇരിക്കാനുള്ള അവകാശം സര്‍ക്കാര്‍ നിയമമാക്കി. ലോകത്തെ സ്വാധിനിച്ച നൂറുവനിതകളില്‍ ഒരാളായി വിജിയെ ബിബിസി തിരഞ്ഞെടുക്കുകയും ചെയ്തു.
ക്രിസ്തീയ സഭയുടെ ചരിത്രത്തെ തന്നെ വെല്ലുവിളിച്ചു കൊണ്ട് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ തെരുവിലിറങ്ങിയതും ഇതേ വര്‍ഷം തന്നെയായിരുന്നു.
മഠത്തിന്റെ അച്ചടക്കവും അനുസരണയും പാലിച്ചിരുന്ന കന്യാസ്ത്രീകള്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരവുമായി തെരുവിലിറങ്ങി. കന്യാസ്ത്രീകളുടെ സമരം സഭയേയും സമൂഹത്തേയും ഒരുപോലെ ഞെട്ടിച്ചു. നൂറ്റാണ്ടുകളുടെ പാരമ്പര്യത്തെ വെല്ലുവിളിച്ചുകൊണ്ട് അവര്‍ തെരുവിലിറങ്ങിയപ്പോള്‍ അതും ചരിത്രമായി. ക്രസ്തീയ സഭയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും ശക്തമായ പോരാട്ടങ്ങളില്‍ ഒന്നായി ഇത് അടയാളപ്പെടുത്തപ്പെടുമെന്നതില്‍ തര്‍ക്കമില്ല.
നിനക്ക് മാത്രമല്ല എനിക്കും ചൂഷണം നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് പെണ്ണ് ഉറക്കെ പറഞ്ഞപ്പോള്‍ അത് മീ ടു വായി.
അമേരിക്കയില്‍ തുടങ്ങിയ അതിശക്തമായ ക്യാമ്പയിന്റെ അലയൊലികള്‍ കേരളത്തില്‍ എത്തിയത് 2018ലായിരുന്നു. നാന പടേക്കര്‍ക്കെതിരെ തനുശ്രീ ദത്ത രംഗത്ത് എത്തിയതോടെ സിനിമ, രാഷ്ട്രീയ, മാധ്യമ രംഗത്തെ ചൂഷണങ്ങള്‍ക്കെതിരെയുളള ചെറുത്തു നില്‍പ്പിന് തുടക്കമാകുകയായിരുന്നു.
മലയാള സിനിമയിലെ പുരുഷമേധാവിത്വത്തിനെ ചോദ്യം ചെയ്തു കൊണ്ട് ചരിത്രത്തില്‍ ആദ്യമായി ഒരു സ്ത്രീ സംഘടന ഉണ്ടായതും ഇതേ വര്‍ഷം തന്നെയാണ്. കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തിലത്തില്‍ രൂപം കൊണ്ട ഡബ്‌ള്യൂ സി സി എന്ന സംഘടന ഭാവിയില്‍ സിനിമയുടെ ശക്തമായ സാന്നിധ്യമാകുമെന്ന് നിസംശയം പറയാം.
എന്റെ മക്കള്‍ സമൂഹത്തിനു മുന്നില്‍ അപമാനിതരാകാതിരിക്കാനാണ് ഈ പോരാട്ടം.
ശോഭ സജു എന്ന വീട്ടമ്മ ഇത് പറഞ്ഞപ്പോള്‍ അത് പെണ്‍പോരാട്ട വീര്യത്തിന്‍റെ നേര്‍ കാഴ്ചയാകുകയായിരുന്നു.
വാട്ട്‌സാപ്പില്‍ പ്രചരിച്ച് നഗ്നചിത്രം തന്റെതല്ല എന്ന് തെളിയിക്കാനായി ഇടുക്കി തൊടുപുഴ സ്വദേശിനി ശോഭ സജു രണ്ടുവര്‍ഷം നീണ്ട നിയമയുദ്ധമാണ് നടത്തിയത്. വാട്ട്‌സാപ്പില്‍ പ്രചരിച്ച നഗ്നദൃശ്യം ശോഭയുടേതാണെന്ന് ആരോപിച്ച് ഭര്‍ത്താവും വീട്ടുകാരും ഇവരെ കൈയ്യൊഴിഞ്ഞു. എന്നാല്‍ അത് തന്റെ ചിത്രമല്ലെന്നു സ്ഥാപിക്കാനായിരുന്നു പിന്നീട് ശോഭയുടെ ശ്രമം. താനൊരു ഇരയല്ലെന്ന് നിലപാടു കൊണ്ട് പ്രഖ്യാപിച്ച ഇവര്‍ ഇത്തരം കേസുകളില്‍ ഇരയാകുന്നവരുടെ മുഖം മറയ്ക്കുന്നതു പോലെ മാധ്യമങ്ങളില്‍ തന്റെ മുഖം മറയ്‌ക്കേണ്ടതില്ലെന്ന ധീരമായ തീരുമാനം എടുക്കുകയും ചെയ്തു.
2018 ന്റെ അവസാന നാലുമാസം ചരിത്രപരമായ വിധികളുടേതായിരുന്നു.
ഏതു പ്രായത്തില്‍ പെട്ട സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയും ചരിത്രമായി. ലിംഗവിവേചനം ഭക്തിക്ക് തടസമാകരുതെന്നും പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാത്തത് ഭരണഘടന വിരുദ്ധമാണെന്നും സുപ്രീകോടതി വിലയിരുത്തി. ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെതായിരുന്നു ചിരിത്രം കുറിച്ച ഈ വിധി.
പെണ്ണിന്റെ അഭിമാനത്തിനും അന്തസ്സിനും സംരക്ഷണം നല്‍കുന്നതായിരുന്നു ലോക്‌സഭയുടെ മുത്തലാഖ് ബില്‍. മൂന്ന് തലാക്ക് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമായതോടെ ഇത് മുസ്ലിം സമുദായത്തിലെ സ്ത്രീകളുടെ അവകാശസംരക്ഷണത്തിന്റെതായി. ഈ മുന്നേറ്റങ്ങളൊക്കെ വിരല്‍ ചൂണ്ടുന്നത് കഴിഞ്ഞുപോയ മുന്നൂറ്റിയറുപ്പത്തിയഞ്ചേകാല്‍ ദിനങ്ങള്‍ അവളുടേതുകൂടിയാണെന്നാണ്.
പോരാട്ടം കൊണ്ടും വിപ്ലവം കൊണ്ടും അടിമുടി പൂത്തുലഞ്ഞ ഒരു പെണ്‍വര്‍ഷം.

Loading comments...