റോയല്‍ എന്‍ഫീല്‍ഡ് പെഗാസസ് ലിമിറ്റഡ് എഡിഷനെ തിരിച്ചെടുത്ത് ഡീലര്‍ഷിപ്പുകള്‍

6 years ago
3

മാലിന്യക്കൂനയില്‍ വലിച്ചെറിയാന്‍ തുടങ്ങിയതോടെ റോയല്‍ എന്‍ഫീല്‍ഡ് പെഗാസസ് ലിമിറ്റഡ് എഡിഷനെ തിരിച്ചെടുത്ത് ഡീലര്‍ഷിപ്പുകള്‍

ലിമിറ്റഡ് എഡിഷന്‍ പെഗാസസ് ബൈക്കുകള്‍ കമ്പനിയുടെ പ്രതിച്ഛായ ഉയര്‍ത്തുമെന്നാണ് റോയല്‍ എന്‍ഫീല്‍ഡ് കരുതിയത്. പക്ഷെ ഇന്ത്യയില്‍ സംഭവിച്ചത് മറിച്ചും. ഉടമകളില്‍ പലരും പെഗാസസിനെ മാലിന്യക്കൂനയില്‍ വലിച്ചെറിയാന്‍ തുടങ്ങിയതോടെ കമ്പനിക്ക് നില്‍ക്കള്ളിയില്ലാതായി. ലിമിറ്റഡ് എഡിഷനെന്നുപറഞ്ഞു ഉയര്‍ന്ന വിലയില്‍ പെഗാസസ് വിറ്റ റോയല്‍ എന്‍ഫീല്‍ഡ് തങ്ങളെ വഞ്ചിച്ചെന്നാണ് ഉടമകളുടെ പ്രധാന ആരോപണം. 2 .49 ലക്ഷം രൂപ കൊടുത്തുവാങ്ങിയ പെഗാസസിന് എബിഎസ് സുരക്ഷ നല്‍കാന്‍പോലും കമ്പനി തയ്യാറായില്ല.ഇതോടെ രാജ്യത്തെ ഏതാനും ഡീലര്‍ഷിപ്പുകള്‍ വിറ്റ പെഗാസസുകള്‍ തിരിച്ചെടുക്കാന്‍ തുടങ്ങിയിരിക്കുകയാണ്. സംതൃപ്തനല്ലെങ്കില്‍ വാങ്ങിയ പെഗാസസ് ഉടമയ്ക്ക് തിരിച്ചുനല്‍കാം. ബെംഗളൂരു, ചെന്നൈ, ഗുരുഗ്രാം നഗരങ്ങളിലെ റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പുകളാണ് ഇപ്പോള്‍ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്.ചില ഡീലര്‍ഷിപ്പുകളില്‍ പെഗാസസ് തിരിച്ചെടുത്ത് പണം നല്‍കാന്‍ തയ്യാറാകുമ്പോള്‍, മറ്റു ചിലര്‍ പുതിയ ക്ലാസിക് 500 ഡെസേര്‍ട്ട് സ്‌റ്റോം എബിഎസ് അല്ലെങ്കില്‍ സ്‌റ്റെല്‍ത്ത് ബ്ലാക് എബിഎസ് പതിപ്പുമായി മോഡലിനെ കൈമാറ്റം നടത്താനാണ് അവസരം നല്‍കുക. സൗജന്യ ഒരുവര്‍ഷ വാറന്റി അല്ലെങ്കില്‍ രണ്ടു സൗജന്യ സര്‍വീസ് തുടങ്ങിയ ഓഫറുകളും പെഗാസസ് ഉടമകള്‍ക്ക് അതത് ഡീലര്‍ഷിപ്പുകള്‍ക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായി വന്നുചേര്‍ന്ന പേരുദോഷം എത്രയുംപെട്ടെന്നു മായ്ച്ചുകളയാനുള്ള തിടുക്കത്തിലാണ് കമ്പനി. പുതിയ ഓഫറുകളും ആനുകൂല്യങ്ങളും പെഗാസസ് ഉടമകളുടെ പരാതി ഏറെക്കുറെ പരിഹരിക്കുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് കരുതുന്നു.

Loading comments...